This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്

വ്യവസായവകുപ്പിനു കീഴിലുള്ള ദുര്‍ബല വ്യവസായ സ്ഥാപനങ്ങളെ പുനരുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനം. 1973 ജനു. 25-ന് സംസ്ഥാന വ്യവസായ വകുപ്പിന്‍കീഴില്‍ ഒരു ഹോള്‍ഡിങ് കമ്പനി എന്ന നിലയിലാണ് കെ.എസ്.ഐ.ഇ. പ്രവര്‍ത്തനമാരംഭിച്ചത്. എയര്‍ കാര്‍ഗോ, മാര്‍ക്കറ്റിങ്, ഡെവലപ്മെന്റ്/എന്‍ജിനീയറിങ്, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്സ്, ഹ്യൂമന്‍ റിസോഴ്സ്, കേരള സോപ്സ്, കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍ എന്നീ ഏഴു വകുപ്പുകളിലായാണ് കെ.എസ്.ഐ.ഇ. പ്രവര്‍ത്തിക്കുന്നത്.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്

1979-ല്‍ സംസ്ഥാനങ്ങളില്‍ എയര്‍കാര്‍ഗോ കോംപ്ലക്സുകള്‍ ആരംഭിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെത്തുടര്‍ന്ന് കേരളത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എയര്‍കാര്‍ഗോ കോംപ്ലക്സ് പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന്റെ സ്ഥാപനവും പ്രവര്‍ത്തനവും പൂര്‍ണമായും കെ.എസ്.ഐ.ഇ. യുടെ മേല്‍നോട്ടത്തിലായിരുന്നു. 1985-ല്‍ കമ്മിഷന്‍ ചെയ്ത ട്രിവാന്‍ഡ്രം എയര്‍കാര്‍ഗോ ടെര്‍മിനല്‍ ISO 9001-2000 അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ എയര്‍കാര്‍ഗോ കോംപ്ലക്സാണ്. 1985, 1999 എന്നീ വര്‍ഷങ്ങളില്‍ കെ.എസ്.ഐ.ഇ.യുടെ പ്രവര്‍ത്തനം കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുകൂടി വ്യാപിപ്പിച്ചു. എന്നാലിപ്പോള്‍ (2012) തിരുവനന്തപുരത്തും കോഴിക്കോട്ടും മാത്രമേ കെ.എസ്.ഐ.ഇ.യുടെ കീഴില്‍ എയര്‍ കാര്‍ഗോ കോംപ്ലക്സ് പ്രവര്‍ത്തിക്കുന്നുള്ളൂ.

വിവിധതരം ക്രോക്കറി-ഗ്ലാസ് ഉത്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, കയര്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനത്തിനും വിപണനത്തിനുമായി കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എമ്പോറിയങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. കേന്ദ്ര വ്യവസായമന്ത്രാലയത്തിന്റെ കീഴിലുള്ള അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസ്സസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ കേരളത്തിലെ വെര്‍ച്വല്‍ ഓഫീസായും കെ.എസ്.ഐ.ഇ. പ്രവര്‍ത്തിച്ചുവരുന്നു.

കെ.എസ്.ഐ.ഇ.യുടെ ഇന്റര്‍നെറ്റ് വാണിജ്യശൃംഖല 'ഇ-കൊമേഴ്സ്' കേരളത്തില്‍ ഇത്തരത്തിലുള്ള പ്രഥമ സംവിധാനമാണ്. ചെറുകിട-ഇടത്തരം വ്യവസായികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ആഗോളതലത്തില്‍ പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനുമുള്ള സൌകര്യം ഇതിലുണ്ട്. അതുപോലെ ലോകത്തിന്റെ ഏതുഭാഗത്തുള്ള വ്യക്തിക്കും തനിക്ക് ആവശ്യമായ ഉത്പന്നങ്ങള്‍, ഇ-കൊമേഴ്സ് വ്യാപാരത്തിലൂടെ ലഭ്യമാകുന്നതാണ്.www.keralaaecade.com എന്ന വെബ്സൈറ്റിലൂടെയാണ് ഇ-വ്യാപാരം സാധ്യമാകുന്നത്.

കെ.എസ്.ഐ.ഇ.യുടെ മറ്റൊരു നൂതനപദ്ധതിയാണ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റ്റേഷന്‍. വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന് 14 കി.മീ. മാറി ഏലൂരിലാണ് ഫ്രൈറ്റ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ലക്ഷം ചതുരശ്രഅടി വിസ്തൃതിയുള്ള ഉന്നത ഗുണനിലവാരത്തിലുള്ള ലിഫ്റ്റുകള്‍, 45 കപ്പാസിറ്റി റീച്ച് സ്റ്റാക്കറുകള്‍, ഓണ്‍ലൈന്‍ കാര്‍ഗോ ട്രാക്കിങ് സിസ്റ്റം എന്നിവ ഇവിടത്തെ ചില സവിശേഷതകളാണ്.

കെ.എസ്.ഐ.ഇ.യുടെ മറ്റൊരു നവീന സംരംഭകമാണ് 2010-ല്‍ ആരംഭിച്ച കേരള സോപ്സ്. കോഴിക്കോട്ടെ വെള്ളയില്‍ ആണ് കേരള സോപ്സ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇവിടെ ബാത്തിങ്/ഡിറ്റര്‍ജന്റ് സോപ്പുകള്‍ നിര്‍മിക്കുന്നുണ്ട്. കേരള സാന്‍ഡല്‍, ത്രില്‍, എക്സോട്ടിക്, ത്രില്‍ ചെമ്പക, വേപ്, കൈരളി, വാഷ്വെല്‍ ഡിറ്റര്‍ജന്റ് കേക്ക് എന്നിവ കേരള സോപ്സ് വിപണിയിലെത്തിക്കുന്ന വിവിധതരം സോപ്പുകളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍